Kerala
കൊച്ചി: മട്ടാഞ്ചേരിയിലെ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമെന്ന് പരാതി. ജിഎച്ച്എസ് എല്‍പി സ്കൂളിന്റെ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.
ഇന്ന് രാവിലെ സ്കൂളില്‍ എത്തിയപ്പോഴാണ് ജനലിന്റെ ചില്ലുകള്‍ അടക്കം തകര്‍ത്ത രീതിയില്‍ കണ്ടത്.
പോലീസില്‍ വിവരം അറിയിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. മുമ്പും സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിനെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് ഇടപെട്ടില്ലെന്ന ആരോപണമുണ്ട്.
District News
പട്ടിക്കാട്: തെക്കുംപാടത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിലെ അമ്പതോളം വാഴകൾ സാമൂഹ്യദ്രോഹികൾ വെട്ടിനശിപ്പിച്ചു.
മഞ്ഞക്കുന്ന് സ്വദേശി മറ്റമന ബേബിയുടെ വാഴകളാണ് കഴിഞ്ഞദിവസം രാത്രി വെട്ടിനശിപ്പിച്ചത്. വാഴ കുലയ്ക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് സംഭവം ഉണ്ടായതെന്ന് ബേബി പറഞ്ഞു.
പറമ്പിന്റെ വിവിധ ഭാഗങ്ങളിലായാണ് വാഴ നശിപ്പിച്ചിട്ടുള്ളത്. വർഷങ്ങളായി ഇതേസ്ഥലത്ത് വാഴകൃഷി ചെയ്യുന്ന കർഷകനാണ് ബേബി.
വെജിറ്റബിൾ ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് പീച്ചി പോലീസ് സ്റ്റേഷൻ, കെഎച്ച്ഡിപി, കൃഷിഭവൻ എന്നിവിടങ്ങളിൽ ബേബി പരാതി നൽകി.
District News
മാഹി: ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലെ മാഹി റെയിൽവെ സ്റ്റേഷനും പരിസരവും സാമൂഹിക വിരുദ്ധരുടെയും മദ്യ-മയക്കുമരുന്ന് സംഘങ്ങളുടേയും താവളമായി മാറിയതായി നാട്ടുകാർ ആരോപിക്കുന്നു.
അജ്ഞാത സംഘങ്ങൾ തീവണ്ടി ഇറങ്ങി വരുന്നവരെയും പ്രദേശത്തുള്ളവരെയും മർദിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി മാഹി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പുതുച്ചേരി സ്വദേശി സെൽവകുമാറിനെ (29) ഒരുസംഘം മർദിച്ചതായും പരാതിയുണ്ട്. കല്ല് കൊണ്ട് ഇടിച്ചതായും പരാതിയിൽ പറയുന്നു.
പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കവെ അകാരണമായി മർദനമേൽക്കുകയായിരുന്നു. ഇടത് കാൽമുട്ടിന് പരിക്കേറ്റതിനാൽ ഇദ്ദേഹത്തെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചോമ്പാല പോലീസ് സ്ഥലത്തെത്തി കെസെടുത്ത് അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് മതിയായ പോലീസുകാർ ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇതിന് മുന്‍പ് കോയമ്പത്തൂരിൽ നിന്ന് വന്ന് ട്രെയിനിയിറങ്ങി നടന്നുപോകുകയായിരുന്ന വിദ്യാർഥി സംഘത്തിനും മർദനമേറ്റിരുന്നു.
District News
നെന്മാറ: റബർതോട്ടത്തിൽ വളർത്തുന്ന തേനീച്ചക്കൂടുകൾ സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചു. കയറാടി പട്ടുകാട് കൊച്ചുതറയിൽ വീട്ടിൽ ഗോപാലന്റെ കൈതച്ചിറയിലുള്ള റബർതോട്ടത്തിൽ വളർത്തുന്ന തേനീച്ച കൂടുകളാണ് സാമൂഹ്യവിരുദ്ധർ തീകൊളുത്തി നശിപ്പിച്ചത്. ഇന്നലെ റബർ ടാപ്പിംഗിന് പോയ സമയത്താണ് കൂടു നശിപ്പിച്ച കാര്യം കർഷകൻ അറിയുന്നത്.
പത്തോളം കൂടുകൾ സ്ഥാപിച്ചിരുന്ന റബർതോട്ടത്തിലെ 6 കൂടുകളാണ് ചൂട്ട് ഉപയോഗിച്ച് കത്തിച്ച് നശിപ്പിച്ചത്. കൂടുകൾക്ക് ചുവട്ടിൽ തെങ്ങോലയും മറ്റും കൂട്ടിയിട്ട് തീ വെച്ച് നശിപ്പിച്ച അവശിഷ്ടങ്ങളും കിടപ്പുണ്ട്. ആറ് കൂടുകളിലെയും റാണി ഉൾപ്പെടെയുള്ള തേനീച്ചകളും ചത്തു. കൂടുകളും തേനീച്ചയും ഉൾപ്പെടെ 28,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഗോപാലൻ പറഞ്ഞു. ഒരു മാസം മുമ്പ് ഗോപാലന്റെ തോട്ടത്തിലെ ഒരു തേനീച്ചക്കൂട് സമാനരീതിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. സംഭവത്തിൽ ഗോപാലൻ നെന്മാറ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.